ചരിത്രം
പഞ്ചായത്തിലൂടെ
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ, പശ്ചിമഘട്ടത്തിൻ്റെ അടിവാരത്തായി സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പാങ്ങോട്. ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത് 1977 സെപ്റ്റംബർ 30-നാണ്, കല്ലറ, വാമനപുരം ഗ്രാമപഞ്ചായത്തുകളിൽ നിന്ന് വേർതിരിച്ചെടുത്താണ് പുതിയ പഞ്ചായത്ത് നിലവിൽ വന്നത്. പി.എ. റഹീം ആയിരുന്നു പഞ്ചായത്തിൻ്റെ ആദ്യത്തെ പ്രസിഡൻ്റ്, പട്ടാണിക്കട ഷാഹുൽ ഹമീദ് ആദ്യത്തെ വൈസ് പ്രസിഡൻ്റും. ഒരുകാലത്ത് കൃഷിയെ ആശ്രയിച്ചിരുന്ന ഈ പ്രദേശത്തെ പ്രധാന ഉപജീവനമാർഗ്ഗം 1970-കളിലും 80-കളിലും റബ്ബർ കൃഷിയുടെ വ്യാപനത്തോടെ വലിയ മാറ്റങ്ങൾക്കു വിധേയമായി. പരമ്പരാഗത കൃഷികളിൽനിന്ന് മാറി റബ്ബറിലേക്ക് കർഷകർ തിരിയുകയും, 1990-കൾ മുതൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ജനങ്ങളുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.
ഭൂപ്രകൃതി, കൃഷി
ഭൂപകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയര്‍ന്ന സമതലം, കുന്നിന്‍മുകള്‍, കുത്തനെയുള്ള ചെരിവ്, ചെറിയ ചെരിവ്, താഴ്വാരം, ചതുപ്പ്, സമതലം എന്നിങ്ങനെ ഏഴു മേഖലകളായി തരം തിരിക്കാം. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ പത്ത് ശതമാനം ഉയര്‍ന്ന സമതലപ്രദേശമാണ്. ഈ ഭൂവിഭാഗം പഞ്ചായത്തില്‍ ഏകദേശം 368.49 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്നു. മൊത്തം വിസ്തൃതിയുടെ ഏകദേശം 4% മാത്രം വരുന്ന ഈ ഭൂമേഖലയില്‍പ്പെടുന്ന പാറമുകള്‍, ചാവരുകോണം പ്രദേശങ്ങള്‍ തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുവണ്ടി എന്നീ കാര്‍ഷികവിളകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. കരിമണ്ണും ചെമ്മണ്ണും ഇടകലര്‍ന്നു കാണുന്ന ഈ പ്രദേശങ്ങളില്‍ ജലലഭ്യത കുറവാണ്. പാങ്ങോട് പഞ്ചായത്തില്‍ ഏകദേശം 15% ഓളം ഭൂപ്രദേശങ്ങള്‍ കുത്തനെയുള്ള ചരിവുവിഭാഗത്തില്‍പ്പെടുന്നു. ചരിവുപ്രദേശങ്ങള്‍ പീഠഭൂമിയെ താഴ്വരയുമായി ബന്ധിപ്പിക്കുന്നു. അയിരൂര്‍കുന്ന്, പുത്തന്‍വിള നിന്നും വടക്കോട്ടുള്ള പ്രദേശങ്ങള്‍, മരുതിമലക്കുന്ന്, ശാസ്താംകുന്ന്, അച്ചായന്‍കുന്ന് എന്നിവയാണ് പ്രധാനമായും ഈ മേഖലയില്‍പ്പെടുന്ന പ്രദേശങ്ങള്‍. പാങ്ങോട് പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ ഏകദേശം 30% ചെറിയ ചരിവുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ പ്രദേശങ്ങളില്‍ പൊതുവെ ചരല്‍ നിറഞ്ഞ ചെമ്മണ്ണും കരിമണ്ണും കലര്‍ന്നുകാണപ്പെടുന്നു. ഈ മേഖലയിലെ പ്രധാനവിള റബ്ബറാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയില്‍ ഏകദേശം 22%-ത്തോളം താഴ്വരപ്രദേശങ്ങളാണ്. ഉദിമൂട്, മടവൂര്‍കോണം, മാവേലിക്കോണം, മാറനാട്, നെല്ലിയോട്ടുകോണം, അയിരൂര്‍ ഏല, രാമരശ്ശേരി തഴമ്പന്നൂര്‍ ഏല, മൈലമൂട്, പാങ്ങോടു നിന്നും കുളമാന്‍ കുഴി വരെയുള്ള താഴ്വര പ്രദേശങ്ങള്‍, ചിറ്റാറിന്റെ പാര്‍ശ്വങ്ങളിലുള്ള താഴ്വരകള്‍ എന്നിവയാണ് ഈ മേഖലയില്‍ പെടുന്നത്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം ഒരു ശതമാനം മാത്രമാണ് ഈ മേഖല. തച്ചോണം, ചന്ദനപ്പുറം, തഴമ്പന്നൂര്‍ ഏലയുടെ പടിഞ്ഞാറുഭാഗം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ മേഖല. ഏകദേശം 20 വര്‍ഷത്തിനു മുമ്പുവരെ പൂര്‍ണ്ണമായും ഉപയോഗശൂന്യമായിരുന്ന ഈ പ്രദേശങ്ങളെ നികത്തി, അടുത്ത കാലത്തായി തെങ്ങ്, വാഴ, മരച്ചീനി എന്നിവ കൃഷി ചെയ്തുവരുന്നു. പാങ്ങോട് പഞ്ചായത്തിന്റെ ഏകദേശം 1658.16 ഏക്കറോളം പ്രദേശങ്ങള്‍ സമതലഭൂവിഭാഗത്തില്‍ പെടുന്നു. പാങ്ങോട് ജംഗ്ഷന്റെ തെക്കുകിഴക്കുഭാഗങ്ങള്‍, പഴവിഴയിലെ ചില ഭാഗങ്ങള്‍, തണ്ണിച്ചാല്‍ പ്രദേശത്തിന്റെ പടിഞ്ഞാറുഭാഗം എന്നിവ ഈ ഭൂമേഖലയിലാണ്. ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഈ പഞ്ചായത്തുപ്രദേശത്ത് കാര്‍ഷികമേഖല പൂര്‍ണ്ണമായും ജന്മിമാരുടെ നിയന്ത്രണത്തിന്‍കീഴിലായിരുന്നു. രണ്ടേക്കര്‍ വരെ ഭൂമിയുള്ളവരേയും ചെറുകിടജന്മിമാരായി അംഗീകരിച്ചിരുന്നു. താഴ്ന്ന ജാതിക്കാരും സാമ്പത്തികമായി പിന്നോക്കം നിന്നവരുമാണ് കാര്‍ഷികമേഖലയില്‍ പ്രധാനമായും തൊഴിലെടുത്തിരുന്നത്. ജോലിസമയം നിജപ്പെടുത്തിയിരുന്നില്ല എന്നതിനാല്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ജോലി ചെയ്തിരുന്നു. കാര്‍ഷികമേഖലയില്‍ പണിയെടുത്തിരുന്നവര്‍ക്ക് നാലു ചക്രം ആയിരുന്നു പ്രതിഫലം. അന്ന് പ്രധാനമായൂം കൃഷി ചെയ്യപ്പെട്ടിരുന്നത് നെല്ല്, മരച്ചീനി, വാഴ, വെറ്റില, അടയ്ക്ക എന്നിവ ആയിരുന്നു. ഈ പഞ്ചായത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സുകള്‍, കിണറുകള്‍, പൊതുകിണര്‍, കുഴല്‍ക്കിണറുകള്‍, കുളങ്ങള്‍ എന്നിവയാണ്.
വിദ്യാഭ്യാസരംഗം
ഈ പഞ്ചായത്തില്‍ ഭരതന്നൂര്‍ കേന്ദ്രമാക്കി ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു എല്‍.പി.സ്കൂള്‍ ആരംഭിച്ചതോടെയാണ് പാങ്ങോട് പഞ്ചായത്തിന്റെ വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിനായി മണ്ണിലെഴുത്ത് പഠിപ്പിച്ചിരുന്നവരില്‍ പ്രമുഖന്‍ കിളിമാനൂര്‍ ശങ്കരന്‍നായര്‍ ആയിരുന്നു. സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ മാത്രം വിദ്യാഭ്യാസം നടത്തിയിരുന്നു. അന്നത്തെക്കാലത്ത് മുസ്ളിം സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയിരുന്നത് വിരളമായിട്ടായിരുന്നു. മൊത്തം ജനസംഖ്യയുടെ ഏകദേശം 5% മാത്രം വിദ്യാഭ്യാസം നേടിയിരുന്നു. 1937-ല്‍ പ്രസ്തുതസ്ക്കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. ഈ കാലയളവിലെല്ലാം സമൂഹത്തിലെ താഴ്ന്നജാതിക്കാരും സാമ്പത്തികമായി പിന്നോക്കം നിന്നവരും വിദ്യാഭ്യാസം നടത്തിയിരുന്നില്ല. ഇപ്പോള്‍ നിലവിലുള്ള ഹൈസ്ക്കൂള്‍ ആരംഭിച്ചത് 1958-ല്‍ ആണ്. ഈ ദേശത്തെ വിദ്യാഭ്യാസരംഗത്ത് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന അധ്യാപകരില്‍ പ്രധാനപ്പെട്ടവര്‍ അപ്പാവുപിള്ള, പരമേശ്വരന്‍ പിള്ള എന്നിവരാണ്. പില്‍ക്കാലത്ത് അദ്ധ്യാപന രംഗത്ത് ഉണ്ടായിരുന്ന പ്രശ്സത വ്യക്തികളാണ് ശ്രീ. ആര്‍. കൊച്ചു നാരായണന്‍, ശ്രീ. വാസുദേവന്‍പിള്ള എന്നിവര്‍.
സംസ്ക്കാരം
ഹിന്ദു-മുസ്ളീം-ക്രൈസ്തവമതങ്ങളില്‍പ്പെടുന്നവരാണ് ഈ പഞ്ചായത്തിലെ ജനങ്ങള്‍ ഭൂരിഭാഗവും. ഈ പഞ്ചായത്തിന്റെ ചരിത്രാരംഭകാലഘട്ടം മുതല്‍ തന്ന മതമൈത്രി നിലനിന്നിരുന്നുവെന്നതിന്റെ തെളിവാണ് 1939-ല്‍ നടന്ന കല്ലറ-പാങ്ങോട് പ്രക്ഷോഭത്തിലെ നാനാജാതിമതസ്ഥരുടെ ജനകീയപങ്കാളിത്തം. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ കര്‍ഷക ഗ്രാമമായ ഈ പ്രദേശത്ത് എത്തിയതിന്റെ ഫലമായുണ്ടായ കല്ലറ-പാങ്ങോട് പ്രക്ഷോഭത്തിന്റെ ജാതി-മതഭേദമെന്യേയുള്ള സജീവപങ്കാളിത്തം ഉണ്ടായതിന്റെ പ്രധാനകാരണം അന്ന് നിലനിന്നിരുന്ന മതമൈത്രി കൂടിയാണെന്ന് കാണാം. ഈ മലയോര ഗ്രാമത്തിന്റെ സംസ്ക്കാരം ആരാധനാലയങ്ങളോടു ബന്ധപ്പെട്ടതാണ്. ഒരു കാലത്ത് ഏകദേശം നാലില്‍ മൂന്നു ഭാഗവും നിബിഡവനങ്ങളും പുല്‍ക്കാടുകളും നിറഞ്ഞുനിന്ന ഈ പ്രദേശത്തെ ഏറ്റവും പൌരാണിക ഹിന്ദുക്ഷേത്രങ്ങളിലൊന്നാണ് ഭരതന്നൂര്‍ ശിവക്ഷേത്രം. ഏകദേശം ഇരുന്നൂറ് വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിലിരിക്കുന്ന പല വിഗ്രഹങ്ങളും പീഠംകുളങ്ങര പ്രദേശത്തുനിന്നും കണ്ടെടുക്കപ്പെട്ടവയാണ്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാക്കുന്നത് പീഠംകുളങ്ങര പ്രദേശത്ത് ആരാധനാസമ്പ്രദായം നിലനിര്‍ത്തിയിരുന്ന ഒരു സമൂഹം വളരെ പണ്ടുതന്നെ ഉണ്ടായിരുന്നുവെന്നാണ്. ഇതിന് ഉപോത്ബലകമാകുന്ന മറ്റൊരു വസ്തുത ചുടുകാട് എന്ന പ്രദേശമാണ്. ഏകദേശം 1970-കള്‍ വരെ ഈ പ്രദേശങ്ങള്‍ കുഴിക്കുമ്പോള്‍ തലമുടി, അസ്ഥിക്കഷണങ്ങള്‍ എന്നിവ ലഭിച്ചിരുന്നത് സൂചിപ്പിക്കുന്നത് ഈ പ്രദേശം യഥാര്‍ത്ഥത്തില്‍ ചുടുകാട് തന്നെയായിരുന്നു എന്നതാണ്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള മുസ്ളീം പള്ളികളിലൊന്നാണ് തച്ചോണംപള്ളി. നൂറ്റാണ്ടു പഴക്കമുള്ള ഒരു പള്ളിയാണ് പാങ്ങോട് പുത്തന്‍ പള്ളി. ഇസ്ലാമിക ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ടവ താഴെപാങ്ങോട് പള്ളി, പുലിപ്പാറപ്പള്ളി, നാല്‍പ്പത് വര്‍ഷം പഴക്കമുള്ള കൊച്ചാലുംമൂട് പള്ളി, വട്ടക്കരിക്കം പള്ളി, കൈതപ്പച്ച പള്ളി, ഭരതന്നൂര്‍ പള്ളി, പാലുവള്ളി മുസ്ലീംപള്ളി എന്നിവയാണ്. ക്രിസ്തീയ മതവിഭാഗങ്ങളുടെ ആഗമനമാരംഭിച്ചത് പ്രധാനമായും 1970-കളുടെ ആദ്യപകുതിയോടെയാണ്. ഇന്‍ഡ്യാ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്മാര്‍ക്കും ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്കും പുന്നപ്ര-വയലാര്‍ സമരസേനാനികള്‍ക്കും ഭുമി നല്‍കപ്പെട്ടു. ഇത്തരത്തില്‍ ഭൂമി ലഭിച്ചവര്‍ നല്ലൊരു പങ്കും വിവിധക്രിസ്തീയ മതവിഭാഗങ്ങളില്‍പ്പെടുന്നവരായിരുന്നു. പാങ്ങോട് പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യയില്‍ ഏകദേശം 15% വരുന്ന ഇവരുടെ പ്രധാന ആരാധനാലയങ്ങള്‍ വട്ടക്കരിക്കം, കാക്കാണിക്കര നെല്ലിക്കുന്ന്, മാവുനിന്ന പച്ച, കൈതപ്പച്ച, ചെല്ലാപ്പച്ച, തേമ്പാംമൂട്, സേമ്യാക്കട, അംബേദ്ക്കര്‍ നഗർ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.